വികസന കാഴ്ചപ്പാട്
കേരളത്തിന്റെ സുസ്ഥിരമായ വികസനമാണ് പഞ്ചവത്സര പദ്ധതികള്‍ കൊണ്ട് വിഭാവനം ചെയ്തിട്ടുള്ളത്. സമ്പദ് വ്യവസ്ഥയുടെ വിജ്ഞാനാധിഷ്ഠിതമായ വികസനം ആധുനിക വിജ്ഞാന മേഖലകളുടെ പിന്‍ബലത്തോടെ ഉത്പാദന മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ പ്രാദേശിക സാമ്പത്തിക വികസനവും പുതിയ തൊഴിലവസരങ്ങളുടെ സൃഷ്ടിയും ഈ പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങളാണ്. ഇതിനനുസൃതമായ ഒരു വികസന കാഴ്ചപ്പാടാണ് ഇടമുളയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് രൂപപ്പെടുത്തിയിട്ടുള്ളത്. 2030 ലക്ഷ്യമാക്കിയുള്ള ദീര്‍ഘകാല വികസനവും 14 -ാം പഞ്ചവത്സര പദ്ധതി കാലത്തെ വികസനവും സമന്വയിപ്പിച്ചിട്ടുള്ള ഒരു വികസന ലക്ഷ്യമാണ് പഞ്ചായത്ത് വിഭാവനം ചെയ്തിട്ടുള്ളത് .
കാര്‍ഷിക മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിച്ചുകൊണ്ട് പൂര്‍ണ്ണമായ സ്വയം പര്യാപ്തതയിലേക്ക് എത്തുക എന്നത് ഒരു കാഴ്ചപ്പാടായി അംഗീകരിക്കുന്നു. പരമാവധി തരിശു ഭൂമി കൃഷി യോഗ്യമാക്കുകയും യുവ തലമുറയെ കാര്‍ഷിക ആഭിമുഖ്യമുള്ളവരാക്കി മാറ്റുകയും വേണം. ശാസ്ത്രീയമായ മണ്ണ്, ജലം, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ജൈവ കാര്‍ഷിക സമ്പ്രദായം പ്രോത്സാഹിപ്പിക്കുകയും വേണം. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കര്ഷകന്, വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ കൃത്യമായ ഇടപെടലുകള്‍ക്കും പ്രതികരണങ്ങള്‍ക്കും വലിയ പ്രാധാന്യം പഞ്ചായത്ത് നല്കുന്നു. നെല്ല്, തെങ്ങ്, പച്ചക്കറി എന്നിവയുടെ കൃഷിയോടൊപ്പം സമ്മിശ്ര കൃഷിയുടെയും, സംയോജിത കാര്‍ഷിക പരിപാടികളുടെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. യുവതലമുറയെ ശാസ്ത്രീയമായ കൃഷി രീതികളെക്കുറിച്ച് പരിശീലിപ്പിക്കുന്നതിന് ശാസ്ത്രഗവേഷണ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും സഹായം ലഭ്യമാക്കും. ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും കാര്‍ഷിക മേഖലയില്‍ ലഭ്യമാക്കുന്നതിന് നൂതന പദ്ധതകള്‍ ഈ സാമ്പത്തികവര്‍ഷം ആവിഷ്ക്കരിക്കും.
ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്രോതസ്സിന് കരുത്ത് നല്കത്തക്കവിധം മൃഗ സംരക്ഷണം, ക്ഷീര വികസന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തേണ്ടതുണ്ട്. പാലിന്റെയും മുട്ടയുടെയും ഉപയോഗത്തില്‍ പഞ്ചായത്തിനെ സ്വയം പര്യാപ്തമാക്കാന്‍ ഈ പദ്ധതിക്കാലത്ത് ലക്ഷ്യമിടുന്നു. കാര്‍ഷിക ഉത്പന്നങ്ങളെ അസംസ്കൃത വസ്തുക്കളായി ഉപയോഗപ്പെടുത്തി മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുവാനും അതുവഴി പ്രാദേശിക സാമ്പത്തിക വികസനം നേടുവാനും ലക്ഷ്യമിടുന്നു. വ്യക്തിഗത സംരംഭങ്ങളോടൊപ്പം തന്നെ ഗ്രൂപ്പ് സംരംഭങ്ങളെയും പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ് പഞ്ചായത്തിന്റെ നയം. വ്യവസ്ഥാപിതമായി കഴിഞ്ഞിട്ടുള്ള കുടുംബശ്രീ സംവിധാനത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി വനിതാ ഗ്രൂപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത് ഈ മേഖലയിലെ നയമായി സ്വീകരിക്കുന്നു.
സേവന മേഖലയിലെ വളരെ പ്രാധാന്യമുള്ള കുടിവെള്ള വിതരണത്തിന് മുന്തിയ പരിഗണന നല്കാന് പഞ്ചായത്ത് എന്നും ശ്രമിച്ചിട്ടുണ്ട്. അതു തുടരുന്നതിന് ഈ പദ്ധതി കാലയളവിലും ലക്ഷ്യമിടുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ആഭിമുഖ്യത്തിലുള്ള ജലജീവന്‍ മിഷന് പ്രവര്‍ത്തനത്തോട് ഒപ്പം തന്നെ തനതായ പദ്ധതികളും ഈ മേഖലയില്‍ ഏറ്റെടുക്കുന്നുണ്ട്.
എല്ലാ വിഭാഗം ജനങ്ങള്‍ക്കും വാസയോഗ്യമായ ഭവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും അവരുടെ ജീവനോപാധി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായിട്ടുള്ള ലൈഫ് മിഷന് പ്രവര്‍ത്തനങ്ങളെ പരമാവധി വിജയിപ്പിക്കുന്നതിന് ആവശ്യമായ വകയിരുത്തലുകളും ഇടപെടലുകളും നടത്താന്‍ ഉദ്ദേശ്ശിക്കുന്നു.
വനിതകളുടെയും ശിശുക്കളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും തദ്ദേശ്ശ ഭരണ സ്ഥാപനം എന്ന നിലയില്‍ തനതായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും അതു വഴി ഗ്രാമ പഞ്ചായത്തിനെ വനിതാ സൗഹൃദ - ശിശു സൗഹൃദ പഞ്ചായത്താക്കി മാറ്റുക എന്നതാണ് ഈ മേഖലയിലെ ലക്ഷ്യം. ലിംഗ പദവി പഠനം, പൊതു ഇടങ്ങളില്‍ ലിംഗ സമത്വം കൈവരിക്കല്‍ എന്നിവ നടപ്പിലാക്കുന്നതിനോടൊപ്പം ഈ മേഖലയില്‍ സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ ഭൗതിക സാമ്പത്തിക ഉന്നമനം ആര്‍ജ്ജിക്കലും വികസന കാഴ്ചപ്പാടായി സ്വീകരിക്കുന്നു.
സമൂഹത്തിന്റെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗമായ പട്ടികജാതി ജനതയുടെ കുടുംബപരവും സാമൂഹികവുമായ സുസ്ഥിതി ഈ മേഖലയിലെ ഒരു ലക്ഷ്യമായി സ്വീകരിക്കുന്നു. ലൈഫ് പദ്ധതിയുടെ ഭാഗമായി വാസയോഗ്യമായ ഭവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും വ്യക്തിഗത/ഗ്രൂപ്പ് സംരംഭങ്ങളിലെ അംഗങ്ങളാക്കി പരമാവധി സാമ്പത്തിക നേട്ടം ഈ കുടുംബങ്ങളില്‍ എത്തിക്കുവാനും ലക്ഷ്യമിടുന്നു. ഈ ജനവിഭാഗത്തിന്റെ ആരോഗ്യം - വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൃത്യമായ ഇടപെടലുകള്‍ നടത്തുവാന്‍ ഉദ്ദേശ്ശിക്കുന്നു.
ശിശുക്കള്‍, ഭിന്നലിംഗക്കാര്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് ഗ്രാമപഞ്ചായത്ത് നല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് ഈ മേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുപൂരകമായ രീതിയില്‍ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് ലക്ഷ്യമിടുന്നു.
മാലിന്യ സംസ്ക്കരണത്തിന് പ്രാധാന്യം നല്‍കികൊണ്ട് മാലിന്യ മുക്ത പഞ്ചായത്ത് ആക്കി മാറ്റുക എന്നതാണ് പഞ്ചായത്തിന്റെ ലക്ഷ്യം. 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്ന സന്ദേശം പരമാവധി പ്രചരിപ്പിക്കുവാനും അതിനനുസൃതമായ സംവിധാനങ്ങള്‍ ഒരുക്കുവാനും ലക്ഷ്യമിടുന്നു. വ്യക്തിഗത ശുചിത്വ സൗകര്യങ്ങളും സാമൂഹിക ശുചിത്വ സംവിധാനങ്ങളും പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ്. ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുന്നതാണ്.
പൊതു ഗതാഗത സൗകര്യങ്ങളും പൊതു കെട്ടിടങ്ങള്‍ അടക്കമുള്ള സാമൂഹ്യ ആസ്തികളുടെ വിപുലീകരണവും ശാസ്ത്രീയമായി ഉറപ്പ് വരുത്തുന്നതാണ്. ഗ്രാമ പഞ്ചായത്തിന്റെ വിവിധ വികസന ശ്രോതസ്സുകളില്‍ നിന്ന് ലഭ്യമാകുന്ന പണവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയടക്കമുള്ള കേന്ദ്രാവീഷ്കൃത - സംസ്ഥാനാവിഷ്കൃത പദ്ധതികളുടെ സാധ്യതകളും പ്രയോജനപ്പെടുത്തി ഈ മേഖല ശക്തിപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്. റോഡുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം കാല്‍നട യാത്രക്കാരുടെ സുരക്ഷിതത്വം, മുന്നറിയിപ്പ് ബോര്‍ഡുകള്‍ എന്നിവയ്ക്ക് മുന്തിയ പരിഗണന നല്‍കും. ഊര്‍ജ്ജ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ പരമ്പര്യേതര ഊര്‍ജ്ജ ശ്രോതസ്സുകളെയും പരമാവധി പ്രോത്സാഹിപ്പിക്കുന്നതാണ്. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.
വാര്‍ദ്ധക്യകാല പെന്ഷന്, വിധവ പെന്ഷന്, വികലാംഗ പെന്ഷന്, കര്‍ഷക തൊഴിലാളി പെന്ഷന്, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്ഷന് എന്നിവ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കാലതാമസം കൂടാതെ നല്‍കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നു. സാമൂഹിക സുരക്ഷതിത്വം എന്നത് ഒരു പ്രധാനപ്പെട്ട ഇനമായി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ നല്കി വരുന്ന സാമൂഹിക സുരക്ഷ പെന്‍ഷനുകള്‍ അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ പൊതു വികസനവും ജനങ്ങളുടെ ക്ഷേമ-സേവന പ്രവര്‍ത്തനങ്ങളും പരമാവധി വേഗതിയിലും കൃത്യതയിലും യഥാസമയം നടപ്പിലാക്കുക എന്നതാണ് പൊതു വികസന കാഴ്ചപ്പാട്. ഗ്രാമപഞ്ചായത്തിന് ലഭ്യമായ വിഭവ ശ്രോതസ്സുകളോടൊപ്പം തന്നെ വിവിധ കേന്ദ്ര- സംസ്ഥാനാവിഷ്കൃത പദ്ധതികളുടെ ഫലപ്രദമായ സംയോജനവും ഉപയോഗപ്പെടുത്തുക എന്നത് വികസന തന്ത്രമായി സ്വീകരിക്കുന്നു. ഗ്രാമ പഞ്ചായത്തിനെ ഒരു പ്രാദേശിക സര്‍ക്കാര്‍ എന്ന രൂപത്തില്‍ ഉയര്‍ന്ന ഉത്തരവാദിത്വമുള്ള ഒരു സ്ഥാപനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഗ്രാമ പഞ്ചായത്തിനെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സൗഹൃദമായ ഒരു ഭരണ കേന്ദ്രമാക്കി മാറ്റുക എന്നതും ലക്ഷ്യമാണ്. ഇതിനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. ഇതിനനുസൃതമായ രീതിയില്‍ പദ്ധതി രൂപീകരണ നിര്‍വ്വഹണ - മോണിട്ടറിംഗ് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുവാന്‍ ഉദ്ദേശ്ശിക്കുന്നു. പ്രാദേശികാസൂത്രണ പ്രവര്‍ത്തനങ്ങളുടെ ജനകീയത പരമാവധി വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുന്നതാണ്.