ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രത്തിന്റെ ഏടുകളിലൊന്നും ഒരിയ്ക്കല്‍ പോലും പ്രത്യക്ഷപ്പെടാതിരുന്ന ഈ പ്രദേശം, പഴയ കാലത്തെ റവന്യൂ ഭരണ സമ്പ്രദായപ്രകാരം ഇടമുളയ്ക്കല്‍ പകുതി എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ ഭരണത്തിന് കീഴില്‍ ഉള്‍പ്പെട്ടിരുന്ന ഇടമുളയ്ക്കല്‍ പകുതി അക്കാലത്ത് തന്നെ തെങ്ങ്, നെല്ല്, കുരുമുളക്, അടയ്ക്ക എന്നീ കാര്‍ഷിക വിളകളാല്‍ സമൃദ്ധമായിരുന്നു. പ്രവൃത്തിയാരും, പിള്ളയും, മാസപ്പടിയുമായിരുന്ന ജനങ്ങളുമായി നേരിട്ടിടപെട്ടിരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍. രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് ബര്‍മ്മ, സിലോണ്‍, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടിപോയി, മലയാളികളുടെ തനതായ ജീവിതസാഹസികത പ്രകടിപ്പിച്ച നിരവധി ആളുകള്‍ ഇവിടെയുണ്ടായിരുന്നു.
സവര്‍ണ്ണ ജന്മി നാടുവാഴി മേധാവിത്വം, ശക്തമായ തോതിലല്ലങ്കില് കൂടി നമ്മുടെ നാട്ടിലും നിലനിന്നിരുന്നു. 1925( കെല്ലവര്‍ഷം 1101) ല്‍ തടിക്കാട്ടില്‍ മുഹമ്മദന്‍സ് സ്ക്കൂള് എന്ന പേരില്‍ ഒരു വിദ്യാലയം ആരംഭിച്ചതും, ഏതാണ്ട് അതേ സമയത്ത് തന്നെ പെരുമണ്ണൂര്‍ പൊരുന്നയില്‍ എല്‍.പി. സ്ക്കൂള് ആരംഭിച്ചതുമാണ് ഔപചാരിക വിദ്യാഭ്യാസരംഗത്തുള്ള ആദ്യ ചുവട് വയ്പ്പ്. നാടിന്റെ മറ്റു ചില ഭാഗങ്ങളില്‍ അനൗപചാരികവിദ്യാഭ്യാസ രംഗത്തും ഒറ്റപ്പെട്ട ചിലനീക്കങ്ങള്‍ നടക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് ദേശീയ പ്രസ്ഥാനങ്ങളെയും, സ്വാതന്ത്ര്യസമരപരമ്പരകളെയും കുറിച്ച് ജനങ്ങളില്‍ പുത്തന്‍ ഉണര്‍വ് ഉണ്ടാകുകയും മാറ്റത്തിന് വേണ്ടിയുള്ള അഭിവാഞ്ച ഉടലെടുക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ജനകീയ മുന്നേറ്റങ്ങളില്‍ നാമമാത്രമായ ചില സംഭാവനകള്‍ ചെയ്യാന്‍ നമുക്കും കഴിഞ്ഞിട്ടുണ്ട്. സൂഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കചഅ യില്‍ അംഗങ്ങളായി ചേരുകയും ബ്രിട്ടീഷുകാരോട് പൊരുതി ജയില്‍വാസം അനുഷ്ടിക്കുകയും ചെയ്ത കുറെ ധീരന്മാര് നമ്മുടെ പഞ്ചായത്തില്‍ നിന്നുമുള്ളവരാണ്. കടയ്ക്കല്‍, കല്ലറ-പാങ്ങോട് സമരപരമ്പരകളില് പങ്കെടുത്തവരും നിരവധിയാണ്.
സ്വാതന്ത്ര്യാനന്തരകാലത്തും ജന്മി കുടിയാന് വ്യവസ്ഥയും അയിത്താചരണവും ഇവിടെ നിലനിന്നിരുന്നു. ഭൂമിയുടെ നല്ലൊരു പങ്കും മനകളും, മഠങ്ങളും, ഇല്ലങ്ങളും ചില പ്രമുഖ തറവാടുകളും കൈവശം വച്ചിരുന്നു. ഭൂരിപക്ഷവും കുടിയാന്മാരും കര്‍ഷക തൊഴിലാളികളുമായിരുന്നു. ചരിത്രത്തിന്റെ അഭിശപ്തമാക്കപ്പെട്ട വ്യവസ്ഥകളെ തൂത്തെറിയാന്‍ പ്രവര്‍ത്തിച്ച പുരോഗമന പ്രസ്ഥാനങ്ങളുടെ വേലിയേറ്റത്തോട് ചെറുത്ത് നില്‍ക്കാതെ, മാറ്റത്തിന് വഴങ്ങിക്കൊടുത്ത് മുന്നോട്ട് കുതിച്ച പാരമ്പര്യമാണ് നമ്മുടെ പഞ്ചായത്തിനുള്ളത്. തിരുവിതാംകൂര്‍ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളായിരുന്ന എം. എന്‍. ഗോവിന്ദന്‍നായര്‍, പി. ടി. പുന്നൂസ്, റ്റി. എം. വര്‍ഗ്ഗീസ് തുടങ്ങിയവരുടെ പ്രവര്‍ത്തന കേന്ദ്രങ്ങളിലൊന്നായിരുന്നു ഇടമുളയ്ക്കല്‍ പഞ്ചായത്ത്. ബഹുജന പ്രസ്ഥാനങ്ങളുടേയും നേതാക്കളുടേയും വരവോട് കൂടി ഭൂരിപക്ഷം വരുന്ന ഭൂരഹിതകര്ഷകരിലും കുടിയാന്മാരിലും അവകാശത്തെപ്പറ്റിയുള്ള ബോധം ഉണര്‍ന്നു. അക്കാലത്ത് 15% പേര്‍ക്ക് പോലും സ്വന്തമായി ഭൂമിയുണ്ടായിരുന്നില്ല, കേരളത്തിലുടനീളം ബഹുജനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഭൂമിയ്ക്ക് വേണ്ടിയുള്ള സമരങ്ങളുടെ ഫലമായി 1957 മുതല്‍ 1971 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഭൂപരിഷ്ക്കരണ നിയമങ്ങള്‍ രൂപം കൊണ്ടു. തല്‍ഫലമായി സമ്പന്നവിഭാഗം കൈയാളിയിരുന്ന വന്‍ഭൂസ്വത്തുക്കള്‍ കൈവശക്കാര്‍ക്കും കുടികിടപ്പുകാര്ക്കുമായി വിഭജിയ്ക്കപ്പെട്ടു. ഭൂരഹിതരായിരുന്നവര്‍ സ്വന്തം ഭൂമിയിക്ക് ഉടമസ്ഥരായി.
കിടക്കാന്‍ സ്വന്തമായി ഒരിടം കിട്ടിയ കര്‍ഷകതൊഴിലാളികളുടെ വിലപേശല്‍ ശക്തി ഉയര്‍ന്നു. ഭൂഉടമാ ബന്ധത്തില്‍ വന്ന മാറ്റം സവര്‍ണ്ണ മേധാവിത്വത്തിന്റെ അ്ടിത്തറ തോണ്ടി. ആയൂര്‍, ഇടമുളയ്ക്കല്‍ പ്രദേശങ്ങളില്‍ കൂടി ഇതിനോടകം പുതിയ വിദ്യാലയങ്ങളുയര്ന്നു. ക്ഷേത്രപ്രവേശന വിളംബരത്തോട് കൂടി അയിത്താചരണത്തിലും പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി. സ്വാതന്ത്രത്തിന് മുന്‍പും, സ്വാതന്ത്ര്യാനന്തരവും ഭാരതത്തിന്റെ മിക്ക ഭാഗങ്ങളിലും വര്‍ഗ്ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴും മതസൗഹാര്‍ദ്ദം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കാന്‍ നമ്മുടെ പഞ്ചായത്തിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്. അക്കാലയളവില്‍ സാക്ഷരത നേടി പുരോഗതിയിലേക്ക് കുതിയ്ക്കാന്‍ ജനങ്ങളെ സഹായിച്ചതില്‍ നിശ്ചയമായും ബഹുജനപ്രസ്ഥാനങ്ങളുടെ പങ്ക് അനിഷേധ്യമാണ്.
1952 ല്‍ രൂപീകൃതമാകുമ്പോള്‍ നമ്മുടെ പഞ്ചായത്തിന്റെ ആസ്ഥാനം തടിക്കാട്ടിലായിരുന്നു. പിന്നീട് പാലമുക്കിലും, പനച്ചവിളയിലുമായി ആസ്ഥാനം മാറി. 1960 ല്‍ 500രൂപ വിലയ്ക്ക് പനച്ചവിളയില്‍ വസ്തു വാങ്ങി പഞ്ചായത്താഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിച്ച് ഓഫീസ് മാറ്റി സ്ഥാപിച്ചു. യശ:ശരീരനായ അബ്ദുള്‍ ഖാദര്‍ ആയിരുന്നു ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ്. പരേതനായ എന്‍. പി. ഗോപാലന് നായര്‍ രണ്ടാമത്തെ പ്രസിഡന്റായി. മൂന്നാമത് ശ്രീ. ആര് ബാലകൃഷ്ണ പിള്ള പ്രസിഡന്റ് ആയി. രണ്ട് തവണകളിലായി ഇരുപത്തിമൂന്ന് വര്‍ഷക്കാലം അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നു. 1988 ല്‍ ശ്രീ.ജോര്‍ജ്ജ് മാത്യു പ്രസിഡന്റായി. നമ്മുടെ പഞ്ചായത്തിന്റെ ഇന്നുവരെയുള്ള പുരോഗതിയില്‍ മുന്‍ഭരണസമിതികള്‍ വഹിച്ച പങ്ക് അഭിനന്ദനീയമാണ്.
അഞ്ചല്‍ ബ്ലോക്കില്‍ ഉള്‍പ്പെട്ട ഈ പ്രദേശം ഇടമുളയ്ക്കല്‍, അറയ്ക്കല്‍ എന്നീ വില്ലേജ് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയുടെ ഭാഗമായിട്ടുള്ള ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പൂര്‍ണ്ണമായും കാര്‍ഷിക പ്രാധാന്യമുള്ള ഒരു ഭൂപ്രദേശം ഉള്‍ക്കൊണ്ടതാണ്. ഗ്രാമപഞ്ചായത്തിന്റെ തനതു വരുമാനം ഏറെയും വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആയൂര്‍, തടിക്കാട് പ്രദേശങ്ങളില്‍ നിന്നുമാണ്. ജനങ്ങളുടെ ജീവിതോപാധി ഒരു പരിധിവരെ കൃഷിയെ ആശ്രയിച്ചിരിക്കുന്നു. പ്രവാസികള്‍ ഏറെ ഉള്‍പ്പെടുന്ന ഒരു പ്രദേശം കൂടിയാണ് ഇടമുളയ്ക്കല്‍.